കോഴിക്കോട്: നഗരത്തിലെ പുരാതന മാർക്കറ്റായ സെൻട്രല്‍ മാർക്കറ്റ് മാളാക്കി നവീകരിക്കുന്നതിന് മുന്നോടിയായി കച്ചവടക്കാരോട് ഈ മാസം 10ന് മുമ്ബ് ഒഴിയാൻ നിർദേശം.
ബലിപെരുന്നാളിനു പിന്നാലെ കച്ചവടക്കാർ ഒഴിയുന്നതോടെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ. 55.17 കോടിയുടെ നവീകരണത്തിനാണ് സർക്കാർ അനുമതിയായത്.
ഒഴിയേണ്ടിവരുന്ന നിലവിലുള്ള കച്ചവടക്കാർക്ക് മൂന്നിടത്തായാണ് പകരം സംവിധാനമൊരുക്കുന്നത്. ഇതിനായി ഇപ്പോഴത്തെ മാർക്കറ്റ് കെട്ടിടത്തിന്റെ എതിർവശത്തായി 50 സെന്റ് സ്ഥലം കോർപറേഷൻ വാടകക്കെടുത്തിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് പ്രതിമാസ വാടക.
ഇവിടെ താല്‍ക്കാലിക സൗകര്യമൊരുക്കുന്ന പ്രവൃത്തി നടന്നുവരുകയാണ്. നിലവിലുള്ള മാർക്കറ്റിനോട് ചേർന്ന് കോർപറേഷന്റെ തന്നെ കൈവശമുള്ള മറ്റ് രണ്ട് സ്ഥലത്തുകൂടി കച്ചവടക്കാർക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതിലൊരു ഭാഗത്ത് 37 താല്‍ക്കാലിക ഷെഡ് നിർമിക്കും. ഷെഡ് കച്ചവടക്കാർതന്നെയാകും നിർമിക്കുക. ഇതിനായി ശരാശരി 90,000 രൂപ കോർപറേഷൻ കച്ചവടക്കാർക്ക് നല്‍കും.
ഇതിനു തൊട്ടടുത്തായി മാർക്കറ്റിന്റെ തെക്കുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന ഒമ്ബതു സെന്റ് സ്ഥലവും ഒരുക്കുന്നുണ്ട്. ഉണക്ക മീൻ കച്ചവടക്കാർക്ക് ഈ സ്ഥലമാണ് നല്‍കുക. ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നിലയുള്ള കെട്ടിടം രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യലേലത്തിനും ചെറുകച്ചവടത്തിനുമുള്ള ഇടങ്ങളും ശീതീകരിച്ച മാർക്കറ്റും ഡോർമെറ്ററിയും വലിയ ഹാളും പുതിയ കെട്ടിടത്തിലുണ്ടാകും.
റിക്രിയേഷൻ ഹാള്‍, മീൻ വിഭവങ്ങളുള്ള ഹോട്ടല്‍, പാർക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. മീൻ മണമില്ലാത്തവിധം മുഴുവൻ ശീതീകരിച്ച ഹാളില്‍ ഇപ്പോള്‍ കച്ചവടം ചെയ്യുന്നവർക്കെല്ലാം സ്ഥലം നല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










