മുക്കം: ചാലിയാറുമായി ബന്ധപ്പെട്ടു കോഴിക്കോട് -മലപ്പുറം ജില്ലകളിലെ ടൂറിസം വികസനത്തിന് അനന്ത സാധ്യതകള്‍ തുറന്നിടുന്ന ചാലിയാർ ടൂറിസം പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘത്തിന്‍റെ സന്ദർശനത്തോടെ ഏറെ പ്രതീക്ഷയിലാണ് ചാലിയാർ തീരവാസികള്‍.
കേരളത്തിലെ ഏറ്റവും വലിയ പ്രവാസി പുനരധിവാസ പദ്ധതികളിലൊന്നായ “ഡ്രീം ചാലിയാർ അഡ്വഞ്ചർ വാട്ടർ ടൂറിസം’ പദ്ധതി നടത്തിപ്പിനായി സർക്കാർ നിയോഗിച്ച കെഎസ്‌ഐഡിസി നോഡല്‍ ഓഫീസർമാരായ കോഴിക്കോട് ജില്ലാ മാനേജർ പി. വിപിൻ ബാബു, ഡവലപ്മെന്‍റ് മാനേജർ ഷോബിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ചെറുവാടിയിലെ നിയുക്ത സ്ഥലം സന്ദർശിച്ചത്.
ഡ്രിം ചാലിയാർ സിസിയു ഗുലാം ഹുസൈൻ കൊളക്കാടന്‍റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. അംഗങ്ങളുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്യാമെന്ന് സംഘം ഉറപ്പ് നല്‍കി. രണ്ടായിരത്തി ഇരുന്നൂറു കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാല് വർഷം മുൻപുതന്നെ പദ്ധതിയെ കുറിച്ചുള്ള സകല വിവരങ്ങളും സർക്കാരിനെ അറിയിച്ചിരുന്നു.
തുടർന്ന് 2025 ലെ അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ സമർപ്പിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് സർക്കാർ ഓഫീസർമാരെ നിയമിച്ചത്. പ്രവാസ ലോകത്ത് നിന്ന് തിരിച്ചെത്തുന്ന യുവാക്കള്‍ക്ക് തൊഴില്‍ മേഖല കണ്ടെത്താനുള്ള മാർഗമായി ഇത്തരം പദ്ധതികള്‍ മാറും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










