സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മിതമായതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴയ്ക്കാണ് സാധ്യത.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.