മാവൂർ: സെക്രട്ടേറിയറ്റ് പടിക്കൽ റേഷൻ വ്യാപാരികൾ നടത്തുന്ന റിലേ സത്യാഗ്രഹ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സപ്ലൈകോ സർക്കാരിനോട്, കിറ്റ് വിതരണത്തിനാവശ്യമായ സാധനങ്ങൾക്ക് പുറമെ മറ്റു ചിലവുകളായി ഒരു കിറ്റിന് അൻപത്തി രണ്ട് രൂപ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വ്യാപാരികൾക്ക് നൽകാൻ ഓണ കിറ്റ് ബഡ്ജറ്റിൽ വകയിരുത്തിയ അഞ്ച് രൂപ കുറച്ചു കൊണ്ടാണ് മാനേജിംങ്ങ് ഡയറക്റ്റർ ഈ ആഴ്ച്ച നൽകിയ ശുപാർശ കത്തിൽ പരാമർശിച്ചത്. ഇത് സംസ്ഥാനത്തെ റേഷൻ വ്യാപാരികളോടുള്ള ശത്രുതാ മനോഭാവത്തിന്റെ സൂചനയാണെന്നും അവർ ആരോപിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികളും ജീവനക്കാരും ഉൾപ്പെടെ
കോവിഡ് ബാധിച്ച് ഇതുവരെ 68 പേരാണ് മരിച്ചത്. വേതന പരിഷ്കരണം, ആരോഗ്യ ഇൻഷുറൻസ്, ക്ഷേമനിധി, പെൻഷൻ ആനുകൂല്യങ്ങൾ, ആശ്രിതർക്കായുള്ള ഡീലർഷിപ്പ് നിയമനം എന്നിവ പോലുള്ള റേഷൻ വ്യാപാരികൾ കാലങ്ങളായി ആവശ്യപ്പെടുന്ന വിവിധ ആവശ്യങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മറ്റ് മേഖലകളിൽ ഓണത്തിന് മുമ്പ് ബോണസും ഉൽസവബത്തയും നൽകിയിരുന്നു, എന്നാൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കുടിശ്ശിക പോലും നൽകിയിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 ന് കോഴിക്കോട് ജില്ലാ റേഷൻ ഡീലർമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.പി. അഷ്റഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.ശ്രീജൻ, പി.അരവിന്ദാക്ഷൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ജയപ്രകാശ്, താലൂക്ക് സെക്രട്ടറി എം.പി. സുനിൽ കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.