വടകര: നാളികേരം, വിലയില്‍ കുതിക്കുമ്ബോള്‍ കർഷകർക്ക് സന്തോഷിക്കാൻ ഒരു കാരണംകൂടിയുണ്ട് -കൊപ്ര, വെളിച്ചെണ്ണ എന്നിവയ്ക്കുമാത്രം തേങ്ങയെ ഉപയോഗപ്പെടുത്തുന്ന പതിവുരീതിയില്നിന്ന് മാറി, മൂല്യവർധിത ഉത്പന്നനിർമാണത്തിലും ചെറുതല്ലാത്ത കുതിപ്പുനടത്തുകയാണ് തേങ്ങ.
കമ്മിഷൻ ഫോർ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ (സി.എ.സി.പി.) 2024-’25 വർഷത്തെ വിലനിർണയ റിപ്പോർട്ടുപ്രകാരം, മൂല്യവർധിത ഉത്പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്ന തേങ്ങ 22 ശതമാനമായി ഉയർന്നു.
പത്തുവർഷംമുൻപ് ഇത് 15 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 20 ശതമാനവും. 2025-ല്‍ 25 ശതമാനമാകുമെന്നാണ് പ്രതീക്ഷ. ഈ മുന്നേറ്റം വിലസ്ഥിരതയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വിലയിടിവിന്റെ കാലത്താണ് വൈവിധ്യവത്കരണമെന്ന ആശയം സജീവമായത്.
കൊപ്രയെക്കാളും വെളിച്ചെണ്ണയെക്കാളും വിദേശത്ത് വിപണിയുള്ളത് മൂല്യവർധിത ഉത്പന്നങ്ങള്‍ക്കാണ്. പ്രത്യേകിച്ച് ഡെസിക്കേറ്റഡ് കോക്കനട്ട്, തേങ്ങാപ്പാല്‍, വെർജിൻ കോക്കനട്ട് ഓയില്‍ തുടങ്ങിയവയ്ക്ക്. ഇവയുടെ നിർമാണത്തിലും കയറ്റുമതിയിലും മുന്നേറാനുള്ള ശ്രമങ്ങള്‍ നാട്ടിൻപുറങ്ങളില്‍പോലും നടക്കുന്നുണ്ട്.
ഏറാമല സഹകരണബാങ്ക് നിർമിക്കുന്ന തേങ്ങാപ്പാലിന് വലിയതോതില്‍ ആവശ്യക്കാരുണ്ട്. ഇതോടെ ഡെസിക്കേറ്റഡ് കോക്കനട്ട് (ചിരകി ഉണക്കി സംസ്കരിച്ച തേങ്ങ), തേങ്ങാ ചിപ്സ് എന്നിവയുടെ നിർമാണവും തുടങ്ങി.
മുന്നില്‍ ചിരകി ഉണക്കിയ തേങ്ങ…
രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്നത് 15.4 മില്യണ്‍ തേങ്ങയാണ്. ഇതിന്റെ 69 ശതമാനവും വ്യാവസായികാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. 31 ശതമാനം വീട്ടാവശ്യത്തിനും മതപരമായ ചടങ്ങുകള്‍ക്കും. വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന തേങ്ങയില്‍ 78 ശതമാനം കൊപ്രയ്ക്കാണ്. 22 ശതമാനം മൂല്യവർധിത ഉത്പന്നങ്ങള്‍ക്ക്. ഉപോത്പന്നങ്ങളില്‍ മുന്നില്‍ ചിരകി ഉണക്കി സംസ്കരിച്ച തേങ്ങയാണ് (ഡെസിക്കേറ്റഡ് കോക്കനട്ട്) -ഏതാണ്ട് പകുതിയോളം. 14 ശതമാനമാണ് വെർജിൻ കോക്കനട്ട് ഓയിലിന്റെ വിഹിതം. ക്രീം, തേങ്ങാപ്പാല്‍ എന്നിവ രണ്ടുശതമാനംവരും. ചിരകിയ തേങ്ങ, ഉണക്കിയ തേങ്ങ, തേങ്ങ ചിപ്സ്, മറ്റുത്പന്നങ്ങള്‍ തുടങ്ങിയവയെല്ലാംകൂടി 35 ശതമാനം. മൂല്യവർധിത ഉത്പന്നനിർമാണരംഗത്ത് മുന്നേറ്റമുണ്ടായെങ്കിലും ഇൻഡൊനീഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്ബോള്‍ ഇന്ത്യ സാധ്യതകള്‍ പൂർണമായും ഉപയോഗപ്പെടുത്തിയില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
കയറ്റുമതിമൂല്യം 3649 കോടി രൂപ
2023-24 വർഷം ഇന്ത്യ നാളികേര ഉത്പന്ന കയറ്റുമതിയിലൂടെ നേടിയത് 3649 കോടി രൂപയാണ്. മുൻവർഷത്തെക്കാള്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഉത്തേജിതകരി (ആക്ടിവേറ്റഡ് കാർബണ്‍) തന്നെയാണ് കയറ്റുമതിയില്‍ മുന്നില്‍. 2108 കോടി രൂപ ഇതിലൂടെ നേടിയതാണ്. രണ്ടാംസ്ഥാനത്ത് വെളിച്ചെണ്ണയാണ് – 334 കോടി രൂപ. 2415 ടണ്‍ ഡെസിക്കേറ്റഡ് കോക്കനട്ട് കയറ്റിയയച്ചു -മൂല്യം 36 കോടി രൂപ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.