കോഴിക്കോട്: ക്ഷേത്ര കുളത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി; കോഴിക്കോട് കോർപറേഷൻ ഉത്തരവ് പിൻവലിക്കണമെന്ന് ശിവസേന. കോഴിക്കോട് നഗരത്തിലെ ബിലാത്തികുളം ശിവ ക്ഷേത്രകുളം, തിരുവണ്ണൂർ ക്ഷേത്രകുളം തുടങ്ങി നിരവധി ക്ഷേത്ര കുളങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ മീൻ വളർത്തൽ പദ്ധതി നടപ്പിലാക്കാൻ മത്സ്യഫെഡിന് അനുമതി നൽകിയ കോഴിക്കോട് കോർപ്പറേഷൻ തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി ആണെന്നും ഇതിൽ നിന്നും ഉടൻ കോർപറേഷൻ പിന്മാറണമെന്നും ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
“ക്ഷേത്ര കുളങ്ങൾ വെറുമൊരു ജലാശയങ്ങൾ മാത്രമല്ല അതിന് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധമുണ്ട്. ക്ഷേത്ര കുളത്തിലെ മീനുകളെ ഭഗവത് ചൈതന്യത്തിന്റെ പ്രതിരൂപമായാണ് ഭക്തർ കണക്കാക്കുന്നത് അത് കൊണ്ടാണ് ഭക്തർ മീനൂട്ട് നടത്തിയും ഭഗവത് പ്രസാദം ഭക്ഷണമായും നൽകിയും അവയെ പരിപാലിച്ച് പോരുന്നത്. ക്ഷേത്ര കുളങ്ങളെ വെറുമൊരു മീൻ വളർത്തൽ കേന്ദ്രമാക്കി മാറ്റി അതിന്റെ പവിത്രത നശിപ്പിക്കുവാനാണ് അധികാരികൾ ശ്രമിക്കുന്നത്, ക്ഷേത്രങ്ങൾക്കും ക്ഷേത്ര ആചാരങ്ങൾക്കുമെതിരെ സർക്കാർ നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയായാണ് ഇത്”. ഇത്തരം നടപടികൾ പിൻവലിച്ചില്ലെങ്കിൽ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുവാനും ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ ശിവസേന കോഴിക്കോട് ജില്ല പ്രസിഡന്റ് ബിജു വരപ്പുറത്ത്, സെക്രട്ടറി ഷിബു ചെമ്മലത്തൂർ, ജോയൻ്റ് സെക്രട്ടറി രജ്ഞി ത്ത് മേത്തോട് താഴം സംസ്ഥാന സമിതി അംഗം ഷാജി രാഘവ പണിക്കർ, യുവസേന ജില്ല കോ ഓർഡിനേറ്റർ സൂരജ് മേടമ്മൽ, വനിതാ സേന നേതാവ് ബിന്ദു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.