തിരുവനന്തപുരം∙ ഷവർമ ഷോപ്പുകളിലെ ജീവനക്കാർക്ക് പരിശീലനം നിർബന്ധമാണ്. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥി വിഷബാധയേറ്റ് മരിച്ച കേസിലാണ് നടപടി. കടകളിൽ ഷവർമ നിർമിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് കടകളിലെ സാഹചര്യങ്ങൾ വിലയിരുത്തി പരിശീലനം നിർബന്ധമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും . ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവരും ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പരിശീലനം നൽകുന്നുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശീലനത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ കടയുടമകൾക്കു നൽകും. പരിശീലനം നേടി സർട്ടിഫിക്കറ്റ് ലഭിക്കാത്ത ജീവനക്കാരുള്ള കടകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഷവർമ കടകളിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ജീവനക്കാരാണ് കൂടുതലും പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പാചകക്കാരന്റെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്നും പരിശീലനം നൽകുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
മയോണൈസ് തയ്യാറാക്കുന്നത് ശ്രദ്ധയോടെ വേണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മറ്റൊരു നിർദേശം. അണുവിമുക്തമാക്കിയ മുട്ടയിൽ നിന്ന് മാത്രമേ മയോന്നൈസ് ഇപ്പോൾ നിർമ്മിക്കാൻ കഴിയൂ. ഇത്തരം മയോണൈസ് വിപണിയിൽ ലഭ്യമാണ്. അസംസ്കൃത മുട്ടയിൽ മയോണൈസ് ഉണ്ടാക്കിയ ശേഷം, ആറ് മണിക്കൂറിൽ കൂടുതൽ ഊഷ്മാവിൽ സൂക്ഷിക്കുന്നത് സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകും. കേടുപാടുകൾ സംഭവിക്കാത്ത വൃത്തിയുള്ള മാംസമാണ് ഉപയോഗിക്കുന്നതെന്ന് പരിശോധന ഉറപ്പാക്കും. ഷവർമയ്ക്കായി പാകം ചെയ്ത മാംസം ഒരു പ്രത്യേക താപനിലയിൽ വീണ്ടും ഗ്രിൽ ചെയ്യാനും ശുപാർശ ചെയ്യുന്നു. വ്യത്യസ്ത രീതിയിലുള്ള മാംസം പാചകം ചെയ്യുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









