കോഴിക്കോട്: കോവിഡ് മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ പരിപാലിച്ച് സംസ്കരിക്കുന്നതിനു കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇളവുകൾ നൽകണമെന്ന് മുസ്ലീം മത സംഘടനകളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രോട്ടോക്കോൾ പാലിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കാര്യമായ ഇളവുകൾ നൽകിയിട്ടുള്ള സാഹചര്യത്തിൽ മൃതദേഹം അനാദരവുള്ള രീതിയിൽ സംസ്കരിക്കണമെന്നത് ആശങ്കാജനകമാണ്. മൃതദേഹത്തോട് മാന്യത പുലർത്തണമെന്ന് ഭരണഘടന 21ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇക്കാര്യം പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ അനാദരവ് കാണിക്കുന്നുണ്ടോ എന്ന് ഇപ്പോൾ അധികൃതർ പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പോലുമില്ലാത്ത വ്യവസ്ഥകളാണ് ഈ വിഷയത്തിൽ അടിച്ചേൽപ്പിച്ചിട്ടുള്ളതെന്ന കാര്യം ഖേദകരമാണ്.
പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ മതപരമായ ബാധ്യതയുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ മൃതദേഹങ്ങൾ കുളിക്കുന്നതിനും മറവ് ചെയ്യാനുമുള്ള ഇളവുകൾ സർക്കാർ അനുവദിക്കണം. മൃതദേഹത്തോട് നിലവിലെ സമീപനത്തിൽ അടിയന്തിര മാറ്റങ്ങൾ വരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
- സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ( സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)
- കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ ( സമസ്ത കേരള സുന്നി ജംഇയ്യത്തുല ഉലമ)
- ടി.പി.അബ്ദുള്ളക്കോയ മദനി (കെ.എൻ.എം)
- എം.ഐ.അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി)
- തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ)
- എ.നജീബ് മൗലവി ( കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ)
- ( ടി.കെ അഷ്റഫ്, ജന:സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ)
- അബുൽ ഖൈർ മൗലവി (തബ്ലീഗ് ജമാഅത്ത്)
- ഹാഫിള് അബ്ദു ശ്ശുക്കൂർ അൽ ഖാസിമി ( മെമ്പർ, പേഴ്സണൽ ലോ ബോർഡ്)
- വി.എച്ച്. അലിയാർ ഖാസിമി ( ജംഇയ്യത്തുൽ ഉലമാ ഹിന്ദ് -കേരള ഘടകം)
- 12.സി.പി.ഉമ്മർ സുല്ലമി ( നദ് വത്തുൽ മുജാഹിദീൻ, മർക്കസുദ്ദഅ്വ)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.