ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ഫാംഹൗസ് മാനേജരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദർശന്റെ ബെംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇതേ കാര്യം പറഞ്ഞുള്ള വീഡിയോ സന്ദേശവും പുറത്തുവന്നു. തന്റെ പ്രിയപ്പെട്ടവരാരും മരണത്തിൽ ഉത്തരവാദികളല്ലെന്നും സന്ദേശത്തിൽ വ്യക്തമാക്കി. അതേസമയം, ശ്രീധറിന്റെ മരണവും ദർശൻ പ്രതിയായ രേണുകാസ്വാമി കൊലക്കേസും തമ്മിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വഷണം തുടങ്ങി.
അതിനിടെ, രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവർ 17 ആയി.രേണുകാസ്വാമിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘത്തിന് ഇനിയും കണ്ടെടുക്കാനായില്ല. മൃതദേഹം ഉപേക്ഷിച്ച ഓവുചാലിൽ ഫോൺ എറിഞ്ഞതായാണ് സംശയം. ഈ ഫോൺ ഉപയോഗിച്ചാണ് രേണുകാസ്വാമി ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ മോശം സന്ദേശങ്ങളയച്ചത്. ഫോൺ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തെളിവുകൾ ശേഖരിക്കാൻ ഇൻസ്റ്റഗ്രാമിന്റെ സഹായം തേടാനൊരുങ്ങുകയാണ് പോലീസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.