കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്. ഷിഗെല്ല, സാൽമണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്.
മുപ്പതിലേറെ പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ ചെറുവത്തൂരിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നിരുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു.അതേസമയം, സംസ്ഥാനത്ത് രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ വ്യാപക പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









