അഗളി സ്വദേശിയായ പ്രവാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്ന് പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവരെ സഹായിച്ചവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. അലിമോൻ, അൽതാഫ്, റഫീഖ് എന്നിവർക്ക് സഹായം നൽകിയ അനസ് ബാബു, മണികണ്ഠൻ എന്നിവരെയാണ് പിടികൂടിയതെന്ന് മലപ്പുറം എസ്പി എസ്.സുജിത്ത് ദാസ് പറഞ്ഞു. അഗളി സ്വദേശി അബ്ദുൾ ജലീലിനെ ആശുപത്രിയിൽ എത്തിച്ച യഹിയയാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ് . യഹിയക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയറായിരുന്നു കൊല്ലപ്പെട്ട അബ്ജുൾ ജലീലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കൊണ്ടുവന്ന സ്വർണം ലഭിക്കാത്തതിനാൽ യഹിയയുടെ നേതൃത്വത്തിൽ ഒരു സംഘം ജലീലിനെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇരുമ്പ് വടി കൊണ്ടുൾപ്പെടെ ജലീലിന് മർദ്ദനമേറ്റെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ മുഴുവൻ മുറിവേറ്റിട്ടുണ്ട്. പ്രതികളെ മറ്റ് ചിലർ സഹായിച്ചു. ഇവരും കേസിലെ പ്രതികളാകുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









