രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. ട്രെയിനിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുമാറ്റാൻ തുടങ്ങി. ബോഗിക്കുള്ളിൽ മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ബോഗി വെട്ടിമാറ്റി തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ഇന്നലെ വൈകീട്ട് 6.55 നാണ് 12841 ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാരിൽനിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറിൽ എത്തിയപ്പോൾ പാളം തെറ്റിയത്. 12 ബോഗികൾ പാളം തെറ്റി. ബെംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ നമ്പർ 12864 പാളം തെറ്റിയ കോറമാണ്ടൽ എക്‌സ്പ്രസിലേക്ക് ഇടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ബെംഗളൂരു ഹൗറ ട്രെയിനിന്റെ നാല് ബോഗികൾ പൂർണമായും തകർന്നു. രണ്ടാമത് ഇടിച്ചു കയറിയ ബംഗളൂരു- ഹൗറ ട്രെയിനിന്റെ ബോഗികൾ തൊട്ടടുത്ത ട്രാക്കിൽ ഉണ്ടായിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.