കോഴിക്കോട് : പയ്യന്നൂരിലെ ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനെതുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ വീട്ടിൽ ഇന്നലെയും നെഞ്ചുലയ്ക്കുന്ന സങ്കടമാണ് തളം കെട്ടിനിന്നത്. മെഡിക്കൽകോളജ് എസ്ഐ വി.ആർ.അരുണിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കാനെത്തിയപ്പോൾ ദീപക്കിന്റെ അമ്മ സംസാരിക്കാൻപോലുമാവാതെ കിടക്കുകയായിരുന്നു .‘ഓനൊന്നിനും പോകാത്തോനാ. അതാണ് ഇങ്ങനെയൊന്ന് കേട്ടപ്പോ അവനിത്ര സഹിക്കാൻ പറ്റാതായത്.’’ അച്ഛൻ പറഞ്ഞു. ‘ എന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുത്.’’വെള്ളിയാഴ്ചയാണ് യുവതി വിഡിയോ പ്രചരിപ്പിച്ചത്. ശനിയാഴ്ച ദീപക്കിന്റെ പിറന്നാളായിരുന്നു. വിഡിയോ പ്രചരിച്ചതറിഞ്ഞ ദീപക്ക് ആ ദിവസം ഭക്ഷണം കഴിച്ചിരുന്നില്ല. അന്ന് മോനെന്താണ് ഭക്ഷണം കഴിക്കാത്തതെന്ന് അമ്മ ചോദിച്ചിരുന്നു. ദീപക്ക് അമ്മയോട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നുവെന്നും അത് എങ്ങനെയെങ്കിലും പരിഹരിക്കാമെന്ന് അമ്മ ആശ്വസിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ തന്റെ പ്രശ്നം സുഹൃത്തുമായി വിശദമായി സംസാരിച്ചിരുന്നു. നിയമപരമായി മുന്നോട്ടുപോവുന്ന കാര്യവും ചർച്ച ചെയ്തിരുന്നു. ‘‘ നടന്നത് കൊലപാതകമാണ്. ആ അമ്മയ്ക്കും അച്ഛനും പോയത് ആകെയുള്ള ഒരൊറ്റ മകനാണ്. ഞങ്ങളിൽ ഒരാളാണ്.’’ ദീപക്കിന്റെ പിതൃസഹോദരന്റെ പുത്രൻ യു.സലീഷ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










