ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ചാവേർ ആക്രമണ സാധ്യതയുണ്ടെന്ന് അന്വേഷണ ഏജൻസി സംശയിക്കുന്നു. സ്ഫോടനം നടത്തിയ വെളുത്ത ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ 26 സിഇ 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം ചെങ്കോട്ടയ്ക്ക് സമീപമുള്ള ഒരു പാർക്കിംഗ് സ്ഥലത്ത് മൂന്ന് മണിക്കൂറിലധികം പാർക്ക് ചെയ്തിരുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഫരീദാബാദ് ഭീകര സംഘടനയിൽ ഉൾപ്പെട്ട ഡോ. ഉമർ മുഹമ്മദാണ് കാർ ഓടിച്ചിരുന്നതെന്ന് സംശയിക്കുന്നു. ഇത് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് വിശദമായ അന്വേഷണം നടക്കുന്നു. ഇതുവരെ 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ ഇതുവരെ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ 6 പേരുടെ നില വളരെ ഗുരുതരമാണ്.
അതേ സമയം, ദില്ലി സ്ഫോടനത്തെപ്പറ്റി പോലീസ്. എല്ലാ തെളിവുകളും ശേഖരിച്ചു വിലയിരുത്തി വരികയാണ്. വസ്തുതകൾ വ്യക്തമാകും വരെ ഒന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി രാജ ഭാണ്ടിയ ഐപിഎസ് പറഞ്ഞു. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നു. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










