നിയമത്തിന്റെ കടമ്പകൾ മറികടന്നു ദേവനന്ദ അച്ഛനു സ്വന്തം കരൾ പകുത്തു നൽകി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണു പതിനേഴുകാരിയായ ദേവനന്ദയെന്ന് ശസ്തക്രിയ നടന്ന ആലുവ രാജഗിരി ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂരിൽ കോഫി ഷോപ് നടത്തിയിരുന്ന പി.ജി.പ്രതീഷിന്റെ (48) ജീവിതത്തിലേക്കു കാലിലൂടെയാണു രോഗം വന്നത്. കാലിൽ ഇടയ്ക്കിടെ നീര് വരുന്നു. പരിശോധനയിൽ തിരിച്ചറിഞ്ഞു, കരളിൽ കാൻസർ. കരൾ മാറ്റിവയ്ക്കാതെ മാർഗമില്ല. ഏറെ അന്വേഷിച്ചെങ്കിലും യോജിച്ച കരൾ കണ്ടെത്തിയില്ല. പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ വന്നപ്പോൾ മകൾ ദേവനന്ദ ഡോക്ടറോടു ചോദിച്ചു – ‘അച്ഛന് എന്റെ കരൾ ചേരുമോ?’ നിയമപ്രകാരം 18 വയസ്സ് പൂർത്തിയാകാത്തവർക്ക് ഇന്ത്യയിൽ അവയവം ദാനംചെയ്യാൻ പറ്റില്ല.തുടർന്ന് ദേവനന്ദ ഇന്റർനെറ്റിൽ പരതി. സമാനമായ മറ്റൊരു കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അവയവദാനത്തിനു കോടതി അനുമതി നൽകിയിട്ടുണ്ടെന്നു കണ്ടെത്തി. ഈ വാദമുന്നയിച്ചു കോടതിയെ സമീപിച്ചു. ഹൈക്കോടതി അവയവദാനത്തിന് അനുമതി നൽകി. 9നു രാജഗിരി ആശുപത്രിയിൽ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി. ചികിത്സാ ചെലവും ആശുപത്രി ഏറ്റെടുത്തുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണു ദേവനന്ദ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









