ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരം സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത്.തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് ഡി.ജി.പി.യുടെ ഉത്തരവില്‍ പറയുന്നത്. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളാണ് സുനുവിനെതിരേയുള്ളത്. ഇതില്‍ നാലെണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്. 15 തവണ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. സര്‍വീസ് കാലയളവില്‍ ആറ് സസ്‌പെന്‍ഷനും കിട്ടി. ഏറ്റവും ഒടുവില്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് സുനുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയായിരുന്നു പരാതിക്കാരി.ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സി.ഐ. അടുപ്പംസ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ബേപ്പൂര്‍ സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. സുനുവിനെതിരേ തെളിവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









