കല്‍പ്പറ്റ: വയനാട് കോളനൈസേഷൻ സ്‌കീമില്‍ (ഡബ്ല്യു.സി.എസ്)ഉള്‍പ്പെട്ട ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങളുടെ ഉടമാവകാശത്തെച്ചൊല്ലി ഭൂവുടമകള്‍ കോടതിയിലേക്ക്.
ഡബ്ല്യു.സി.എസ് ഭൂമിയിലെ സകലതും സ്ഥലമുടമകള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 2022 ജൂണ്‍ 17ലെ ഹൈക്കോടതി ഉത്തരവില്‍. കെട്ടിട നിർമാണത്തിന് റവന്യു വകുപ്പ് ബാധകമാക്കിയ വിലക്ക് നീക്കുന്നതിന് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫയല്‍ ചെയ്ത റിട്ട് ഹർജികളിലായിരുന്നു കോടതി ഉത്തരവ്. സകലതും ഉടമയുടേതാണെന്നു കോടതി ഉത്തരവായ സാഹചര്യത്തില്‍ ഈട്ടി, തേക്ക് മരങ്ങളില്‍ സർക്കാരിന് അവകാശം ഇല്ലെന്ന നിലപാടിലാണ് ഡബ്ല്യു.സി.എസ് ഭൂ സംരക്ഷണ സമിതി.
സ്പഷ്ടീകരണത്തിനുള്ള ഹർജിയില്‍ അനുകൂല ഉത്തരവ് ഉണ്ടായാല്‍ മുമ്ബ് ഡബ്ല്യു.സി.എസ് ഭൂമിയില്‍നിന്നു മുറിച്ചെടുത്ത ഈട്ടി, തേക്ക് മരങ്ങളുടെ വില സ്ഥലം ഉടമകള്‍ക്കു ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. അമ്ബലവയല്‍, തോമാട്ടുചാല്‍, നെൻമേനി, നൂല്‍പ്പുഴ, ചീരാല്‍, ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വയനാട് കോളനൈസേഷൻ സ്‌കീം.
38,000 ഏക്കർ ഭൂമിയാണ് ഡബ്ല്യു.സി.എസിനാനായി മദിരാശി സർക്കാർ 1943ല്‍ സൈനിക അമാല്‍ഗമേറ്റഡ് ഫണ്ട് വിനിയോഗിച്ച് നിലമ്ബൂർ കോവിലകത്തുനിന്നു വാങ്ങിയത്. ഇവിടെ വിമുക്തഭട കുടുംബങ്ങള്‍ക്കു നല്‍കിയതു കഴിച്ചുള്ള ഭൂമിയില്‍ കുടിയേറ്റ കർഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ളവരാണ് താമസിക്കുന്നത്.
ഡബ്ല്യു.സി.എസ് ഭൂമിയിലെ റിസർവ് മരങ്ങളില്‍ 120 സെന്റീമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാർക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കില്‍ സമാശ്വാസധനം നല്‍കാനും 1995ലാണ് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തേക്കുകള്‍ മുറിച്ചെടുത്തു. കൈവശക്കാർക്കുള്ള സമാശ്വാസ ധനം ക്യുബിക് മീറ്ററിനു 10,000 രൂപയായി 2005ല്‍ വർധിപ്പിച്ചു. 2012ല്‍ ഈട്ടികള്‍ക്കു നമ്ബരിട്ടു. പിന്നീട് ഈട്ടികള്‍ മുറിച്ച് ഒരുക്കി ബത്തേരി കുപ്പാടിയിലും കോഴിക്കോട് ചാലിയത്തുമുള്ള ഡിപ്പോകളില്‍ എത്തിക്കുന്നതിനു സ്വകാര്യ വ്യക്തികള്‍ക്കു കരാർ നല്‍കി. ഇതേത്തുടർന്ന് അമ്ബലവയല്‍, തോമാട്ടുചാല്‍ പ്രദേശങ്ങളില്‍ ഈട്ടി മുറി നടന്നു. ഡബ്ല്യു.സി.എസ് ഭൂമിയില്‍നിന്നു 11,000 ഈട്ടി മുറിക്കാനായിരുന്നു സർക്കാർ പദ്ധതി. നമ്ബർ ഇട്ട മുഴുവൻ ഈട്ടിയും വിവിധ കോണുകളില്‍ നിന്ന് ഉയർന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാരിന് മുറിക്കാനായില്ല.
വയനാട് കോളനൈസേഷൻ സ്‌കീമില്‍പ്പെട്ട ഭൂമിയില്‍ വിവിധ ഭാഗങ്ങളിലായി അനേകം ഈട്ടിയുണ്ട്. അങ്ങിങ്ങായി ധാരാളം ഈട്ടി വീണുകിടക്കുന്നുമുണ്ട്. ഇതില്‍ ഒന്നുപോലും മുറിച്ചെടുക്കാൻ ഇനി സർക്കാരിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂ സംരക്ഷണ സമിതി. ഏകദേശം 20,000 കുടുംബങ്ങളാണ് ഡബ്ലുസിഎസ് സ്‌കീമില്‍പ്പെട്ട പ്രദേശങ്ങളിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.