ദുബായ്: ഖത്തറിന് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച് ഇസ്രായില്‍. ഇറാനുമായും ഫലസ്തീന് സംഘടനയായ ഹമാസുമായും ബന്ധമുള്ള ഗള്‍ഫ് രാഷ്ട്രത്തിന് അത്യാധുനിക വിമാനങ്ങള്‍ ലഭ്യമാകുന്നത് ദോഷകരമാകുമെന്ന് ഇസ്രായില്‍ ഊര്‍ജമന്ത്രി യൂവല്‍ സ്റ്റെനിറ്റ്സ് അഭിപ്രായപ്പെട്ടു. എഫ്-35 വിമാനം വാങ്ങാന്‍ ഖത്തര്‍ താല്പര്യപ്പെടുന്നുവെങ്കില് ഉടനെയോ അല്ലെങ്കില്‍ വൈകിയോ ഇത് അവര്‍ക്ക് ലഭിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഈ നിഗമനം നാം ഗൗരവത്തിലെടുക്കണം. അമേരിക്കന്‍ ഭരണകൂടം ഇപ്പോള്‍ കാണിക്കുന്നത് അമേരിക്കന്‍ താല്പര്യത്തിന് വിരുദ്ധമാണ്- സ്റ്റെനിറ്റ്സ് പറഞ്ഞു.
പ്രകൃതിവാതക സമ്ബത്തില്‍ ലോകത്തിലെ ഏഴാമത് നില്ക്കുന്ന ഖത്തര്‍ എഫ്-35 വിമാനങ്ങള്‍ വാങ്ങാന്‍ ഔദ്യോഗികമായി രേഖകള്‍ സമര്‍പ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയില്‍ ഇസ്രായിലിന് മാത്രമാണ് അമേരിക്ക ഈ ലോക്ഹീഡ് മാര്ട്ടിന് യുദ്ധവിമാനം വില്പന നടത്തിയിട്ടുള്ളത്. ഇസ്രായിലുമായി പൂര്‍ണമായും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് വരെ ട്രംപ് ഭരണകൂടം എഫ്-35 വിമാനങ്ങളുടെ വില്പന തടഞ്ഞുവെക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇസ്രായില്‍-ഫലസ്തീന് തര്‍ക്കം പരിഹരിച്ചതിന് ശേഷം മാത്രമേ ഇത്തരം നീക്കത്തിനുള്ളൂവെന്നാണ് ഖത്തര്‍ നിലപാട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.