ബെംഗളൂരു: പ്രമുഖ ബ്രാൻഡിന്റെ പേരിൽ നിർമ്മിച്ച വ്യാജ നെയ്യിന്റെ വൻ ശേഖരം കർണാടക പൊലീസ് പിടികൂടി. കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) വിജിലൻസ് വിഭാഗവുമായി ചേർന്നാണ് വ്യാജനെയ്യ് നിർമിച്ച സംഘത്തെ പിടികൂടിയത്. 1,26,95,200 രൂപ വിലമതിക്കുന്ന 8,136 ലിറ്റർ വ്യാജനെയ്യാണ് കണ്ടെടുത്തത്. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ കേന്ദ്രത്തിലാണ് സംഘം ‘നന്ദിനി’ ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് നിർമിച്ചിരുന്നത്. പിന്നീട് വലിയ വിപണി പങ്കുള്ള കർണാടകയിലെത്തിച്ച് വിൽപ്പന നടത്താനായിരുന്നു ലക്ഷ്യം. പാമോയിൽ, വെളിച്ചെണ്ണ എന്നിവ കലർത്തിയാണ് നെയ്യ് തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നിർമാണകേന്ദ്രത്തിൽ ഉപയോഗിച്ച യന്ത്രങ്ങൾ, നാല് വാഹനങ്ങൾ, 1.19 ലക്ഷം രൂപ, പാമോയിൽ, വെളിച്ചെണ്ണ, പായ്ക്കിംഗ് സാമഗ്രികൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. യഥാർത്ഥ നന്ദിനി നെയ്യിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളും പായ്ക്കറ്റുകളും ഉപയോഗിച്ച് വിപണിയിൽ എത്തിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കെഎംഎഫിന്റെ വിജിലൻസ് സംഘം പൊലീസ് സഹായത്തോടെ സംയുക്ത പരിശോധന നടത്തുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










