കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. ആര്‍ ശ്രീകുമാറിനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിൽ ഓരോന്നിലും രണ്ട് വര്‍ഷം വീതമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടത്.
2008ൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. 2008 ജൂൺ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് ആകെ 72,822 രൂപ അപഹരിച്ച് സര്‍ക്കാറിന് നഷ്ടം വരുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിലാണ് കൃത്രിമം നടന്നത്. പത്തനംതിട്ടയിലെ റീജിയണൽ ആഗ്രോ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡിൽ നിന്ന് (റെയ്ഡ്കോ) കാർഷിക ഉപകരണങ്ങള്‍ വാങ്ങിയതായി വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു എന്നാണ് വിജിലൻസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.