നല്ല കൊളസ്ട്രോൾ അഥവാ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. രക്തത്തിൽ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ കരളിനു നൽകാൻ എച്ച്ഡിഎൽ സഹായിക്കും. കരളിൽ വച്ച് ഉപാപചയപ്രവർത്തനം നടക്കുകയും ഇത് പുറന്തള്ളപ്പെടുകയും ചെയ്യും. എച്ച്ഡിഎല്ലിന്റെ കൂടിയ അളവ് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നു.
എച്ച്ഡിഎല്ലിന്റെ അളവിനെ ജനിതകമായ ഘടകങ്ങളും സ്വാധീനിക്കുന്നുണ്ടെങ്കിലും ജീവിതശൈലി, ഭക്ഷണീതി, വ്യായാമം എന്നിവയ്ക്കും ഇതിൽ പ്രധാന പങ്കുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതോടൊപ്പം നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണവും കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കും. എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങളെ അറിയാം.
അവൊക്കാഡോ കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് ശരാശരി 2.84 mg/dL കൂടുന്നതായി പഠനം പറയുന്നു. മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഒരു പഴമാണ് വെണ്ണപ്പഴം. കൊഴുപ്പിനു പുറമെ നാരുകൾ, പൊട്ടാസ്യം കൂടാതെ വ്യത്യസ്തതരം ആന്റിഓക്സിഡന്റുകൾ എന്നിവയും ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും കുറച്ച് ഹൃദയാരോഗ്യമേകുന്നു. പ്രഭാതഭക്ഷണത്തിനൊപ്പം വെണ്ണപ്പഴം കഴിക്കാം.
നട്സ് പതിവായി കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടി ഹൃദ്രോഗസാധ്യത കുറയ്ക്കും. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പ്രധാനഭക്ഷണങ്ങൾക്കിടയ്ക്ക് ലഘുഭക്ഷണമായും യോഗർട്ടിലും സ്മൂത്തിയിലും ചേർത്തും നട്സ് കഴിക്കാം.ചിയ സീഡിലും ഫ്ലാക്സ് സീഡിലും ആൽഫാ ലിനോലെനിക് ആസിഡ് ധാരാളമുണ്ട്. ഇത് ഹൃദയസംബന്ധമായ ആരോഗ്യമേകുന്ന ഒരു സസ്യാധിഷ്ഠിത ഒമേഗ 3 ആണ്. സീഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല കൊളസ്ട്രോൾ കൂട്ടുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയുംചെയുന്നു മത്തങ്ങാക്കുരുവും സൂര്യകാന്തി വിത്തും പച്ചക്കറി വിഭവങ്ങൾക്കും സാലഡിനുമൊപ്പം കഴിക്കാം. .സോയ ഉൽപന്നങ്ങളായ ടോഫു, എൻഡമേം സോയ മിൽക്ക് ഇവയിലെല്ലാം സസ്യപ്രോട്ടീനുകളും സസ്യസംയുക്തമായ ഐസോഫ്ലേവോണുകളും അടങ്ങിയിട്ടുണ്ട്. പതിവായ സോയ പ്രോട്ടീൻ കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു.
നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നതിൽ ഭക്ഷണം പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ അതോടൊപ്പം ജീവിതശൈലീഘടകങ്ങളും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പതിവായി എയ്റോബിക് വ്യായാമങ്ങള് ചെയ്യുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക ഇവ ഏറെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തോടെ ഇവയും പിന്തുടരുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










