കൊച്ചി: പൊതുസ്ഥലത്തെ മാലിന്യനിക്ഷേപത്തിനെതിരെ തദ്ദേശ വകുപ്പിന്റെ വാട്ട്സ്ആപ് നമ്ബർ വഴിയെത്തിയത് 2895 പരാതികള്‍.
ഇതില്‍ തെളിവ് സഹിതം വിവരം അധികൃതരെ അറിയിച്ചതിന് പരാതിക്കാരായ 14 പേർക്കാണ് പാരിതോഷികം നല്‍കിയത്. ഇനി എട്ടു പേർക്കുകൂടി പാരിതോഷികം നല്‍കാനുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. ആലപ്പുഴ- രണ്ട്, കണ്ണൂർ- ഒന്ന്, കോഴിക്കോട്- എട്ട്, മലപ്പുറം- മൂന്ന് എന്നിങ്ങനെയാണ് പാരിതോഷികം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം 9446700800 എന്ന വാട്ട്സ്ആപ് നമ്ബർ വഴി വിഡിയോകളായും ചിത്രങ്ങളായും പൊതുജനങ്ങള്‍ക്ക് അറിയിക്കാം. ലഭിക്കുന്ന പരാതികള്‍ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടർനടപടികള്‍ക്കായി കൈമാറും. രണ്ടുഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില്‍ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.
2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ആക്ട് വകുപ്പ് 219 എൻ(മൂന്ന്), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട് വകുപ്പ് 340(3) എന്നിവ പ്രകാരം ലംഘനത്തിന്റെ തോതോ ഗൗരവമോ അനുസരിച്ച് നിയമലംഘകർക്കെതിരെ 5000 രൂപ വരെയാണ് പിഴ ചുമത്തുക. നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം തുക പാരിതോഷികം നല്‍കും.
അതേസമയം, വാട്ട്സ്ആപ് നമ്ബർ വഴിയല്ലാതെ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം സംബന്ധിച്ച് ക്രോഡീകരിച്ച വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.