മക്ക: ഹജ്ജ് പൂർത്തിയാക്കി തീർഥാടകർ പുണ്യ മക്കയോട് വിടപറഞ്ഞു തുടങ്ങി. ജംറകളിലെ അവസാന ദിവസത്തെ കല്ലേറും കൂടി പൂർത്തിയാക്കി മനസ്സമാധാനത്തോടെയും ആശ്വാസത്തോടെയും ഹജ്ജ് നിർവഹിക്കാനായ ആത്മനിർവൃതിയോടെയും മനംനിറഞ്ഞ സംതൃപ്തിയോടെയുമാണ് തീർഥാടകർ മക്കയില്‍നിന്ന് യാത്രതിരിച്ചത്.
ഞായറാഴ്ച മുതല്‍ തീർഥാടകർ മിനയോട് വിടപറയാൻ തുടങ്ങിയിരുന്നു. തീർഥാടകരുടെ തിരിച്ചുപോക്ക് എളുപ്പമാക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തീർഥാടകർ കടന്നുപോകുന്ന റോഡുകളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മസ്ജിദുല്‍ ഹറാമിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം (ത്വവാഫുല്‍ വിദാഅ്) നിർവഹിച്ചാണ് തീർഥാടകർ മക്കയില്‍നിന്ന് പുറപ്പെട്ടത്. ഞായറാഴ്ച മുതല്‍ വിടവാങ്ങല്‍ ത്വവാഫിനായ് മസ്ജിദുല്‍ ഹറാമിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വലിയ തിരക്കാണ് ഹറമില്‍ അനുഭവപ്പെട്ടത്.
ദുല്‍ഹജ്ജ് 12, 13 തീയതികളിലെ വിടവാങ്ങല്‍ ത്വവാഫിനായി ഹറമിലെത്തുന്ന തീർഥാടകക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിനും അവരെ നിയുക്ത സ്ഥലങ്ങളിലേക്ക് നയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഇരുഹറംകാര്യ ജനറല്‍ അതോറിറ്റി തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു. പൂർണ ശേഷിയില്‍ തീർഥാടകരെ സ്വീകരിക്കാൻ മത്വാഫിന്റെ മുഴുവൻ നിലകളിലും ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കിയിരുന്നു. മത്വാഫ് വികസനത്തിലൂടെ മണിക്കൂറില്‍ 107,000 പേർക്ക് ത്വവാഫ് ചെയ്യാനുള്ള സൗകര്യമൊരുക്കിയത് തീർഥാടകർക്ക് വലിയ ആശ്വാസമാണുണ്ടാക്കിയത്. പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനുള്ള മുഴുവൻ കവാടങ്ങളും തുറന്നിട്ടിരുന്നു.
കൂടാതെ 210 സ്മാർട്ട് ഗേറ്റുകള്‍, 400 ഇലക്‌ട്രിക് വാഹനങ്ങള്‍, 10,000 ഉന്തുവണ്ടികള്‍ ഉള്‍പ്പെടെയുള്ള ഫീല്‍ഡ് ട്രാൻസ്‌പോർട്ടേഷൻ സേവനങ്ങള്‍ ഒരുക്കിയിരുന്നു. ഹറമിന് ചുറ്റുമുള്ള മുറ്റങ്ങളില്‍നിന്ന് ത്വവാഫ് ഏരിയയിലേക്കുള്ള ഇടനാഴികളിലും തീർഥാടകരുടെ പോക്കുവരവുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിശ്ചിത പാതകള്‍ ഒരുക്കിയിരുന്നു. പാതകളില്‍ ഇരുത്തവും കിടത്തവും നിരീക്ഷിക്കുന്നതിനും നടത്തം വ്യവസ്ഥാപിതമാക്കുന്നതിനും കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
ഇനി മദീനയില്‍
മക്കയില്‍നിന്ന് മദീന സന്ദർശനത്തിനായി എത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ പ്രവാചക നഗരി ഒരുങ്ങി. ഹജ്ജിന് മുമ്ബ് മദീന സന്ദർശനം പൂർത്തിയാക്കാത്തവരാണ് അങ്ങോട്ടേക്ക് തിരിക്കുന്നത്. ചില സംഘങ്ങള്‍ ഇതിനകം മദീനയിലെത്തിയിട്ടുണ്ട്. ബസ്, ട്രെയിൻ മാർഗമാണ് അവരുടെ യാത്ര. ഹജ്ജിന് ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വാഗതം ചെയ്യുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും മേഖല ഗവർണറുടെ മേല്‍നോട്ടത്തില്‍ മദീനയിലെ സർക്കാർ വകുപ്പുകള്‍ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഹിജ്‌റ എക്‌സ്‌പ്രസ്‌വേയിലും മറ്റു പ്രധാന റോഡുകളിലും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ മുൻകരുതലുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









