ഹാത്രാസിൽ 19 കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. യുവതിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാരോട് ഒരു തരത്തിലുളള ദയയും കാണിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, സംഭവം അന്വേഷിക്കാൻ യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ്, ഡിഐജി ചന്ദ്ര പ്രകാശ്, ഐപിഎസ് ഓഫീസർ പൂനം എന്നിവരടങ്ങുന്നതാണ് എസ്‌ഐടി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ അന്വേഷണ സംഘത്തോട് നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
“ഹാത്രാസ് കൂട്ടമാനഭംഗക്കേസിലെ കുറ്റവാളികളെ ഒഴിവാക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു എസ്‌ഐടി രൂപീകരിച്ചു, അടുത്ത 7 ദിവസത്തിനുള്ളിൽ ടീം റിപ്പോർട്ട് സമർപ്പിക്കും. വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ, ഈ കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.
മൃതദേഹം സംസ്‌കരിക്കുന്നതില്‍ പൊലീസ് അനാവശ്യ ധൃതി കാണിച്ചതായുളള ബന്ധുക്കളുടെ ആരോപണം ജില്ലാ കലക്ടര്‍ നിഷേധിച്ചു. കുടുംബത്തിന്റെ അനുമതി വാങ്ങാതെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന ആരോപണം തെറ്റാണ്. മൃതദേഹം രാത്രി സംസ്‌കരിക്കുന്നതിന് മുന്‍പ് യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും സമ്മതം വാങ്ങിയിരുന്നു. ശ്മശാനത്തില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹം വഹിച്ചിരുന്ന വാഹനം രാത്രി 12.45 മുതല്‍ പുലര്‍ച്ചെ 2.30 വരെ ഗ്രാമത്തില്‍ ഉണ്ടായിരുന്നുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.