ക്ഷേമപെൻഷൻ തട്ടിപ്പിൽ 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും. ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അറ്റൻഡർമാരും ക്ലർക്കും നഴ്സിങ് അസിസ്റ്റന്‍റുമാരും നടപടി നേരിടുന്നവരുടെ പട്ടികയിലുണ്ട്.
നേരത്തെ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്നായിരുന്നു നോട്ടീസിൽ. 22,600 രൂപ മുതൽ 86,000 രൂപ വരെയാണ് തിരികെ അടയ്ക്കേണ്ടത്. ജീവനക്കാരെ പിരിച്ചു വിടാൻ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ പണം തിരികെ അടച്ചതിനുശേഷം തുടർ നടപടി മതിയെന്നാണ് സർക്കാർ തീരുമാനം.
1400ൽ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നൽകിയിരുന്നു. പിന്നാലെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും പല വകുപ്പുകളിലായി നടന്നിരുന്നു.
മറ്റ് വകുപ്പുകളിലെ ക്ഷേമപെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടിയുണ്ടാകും. പലരും വ്യാജരേഖ സമർപ്പിച്ചാണ് സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയിൽ അംഗമായത്. സ്വീപ്പർ മുതൽ ഹയർ സെക്കൻഡറി അധ്യാപകരും അസി. പ്രഫസർമാരും വരെയുള്ള 1450 സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റുന്നണ്ടെന്ന് ധനവകുപ്പ് കണ്ടെത്തിയിരുന്നു. പിഴപ്പലിശ സഹിതം തുക തിരികെ പിടിക്കുന്നതിനൊപ്പം വകുപ്പുതല അച്ചടക്ക നടപടിക്കുമാണ് ധനവകുപ്പിന്റെ നിർദേശം.
62 ലക്ഷം ഗുണഭോക്താക്കളാണ് പെൻഷൻ പദ്ധതിയിലുള്ളത്. ഇത്രയും പേർക്ക് പെൻഷൻ നൽകുന്നതിന് മാസം 900 കോടി രൂപ വേണം. ഈ തുക സമാഹരിക്കാൻ കഴിയാത്ത ഘട്ടങ്ങളിൽ പെൻഷൻ കമ്പനി വഴി വായ്പയെടുത്താണ് വിതരണം. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരും മെച്ചപ്പെട്ട ജീവിതസൗകര്യമുള്ളവരും പദ്ധതിയിൽ കടന്നുകൂടിയതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നത്. ആകെ 9201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് സി.എ.ജി 2022ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ക്ഷേമപെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കുന്നതിന് വാർഡ് തലത്തിലുള്ള സൂക്ഷ്മപരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ, പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവഴി സോഷ്യൽ ഓഡിറ്റിങ്ങാണ് ഉദ്ദേശിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.