കോഴിക്കോട്: വേനല്‍ ചൂടിന് കനം വയ്ക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ അനുഭവപ്പെടേണ്ട കാലാവസ്ഥയിലൂടെ ജനുവരി കടന്നുപോകുന്നതിനാല്‍ തീപിടിത്ത സാദ്ധ്യതകള്‍ വിദൂരമല്ല.
ഇന്നലെ പകല്‍ ജില്ലയില്‍ 33.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷകർ പറയുന്നത്. ജനുവരിയില്‍ മഴയുടെ സാദ്ധ്യത കുറവാണ്. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി.
കോഴിക്കോട് ജില്ലയില്‍ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ മുന്നൊരുക്കവും മുന്നറിയിപ്പുമായി അഗ്നിശമന സേന ജാഗ്രതയിലാണ്. ‘സമ്മർ പ്രിപ്പറേഷൻ പ്ലാൻ’ എന്ന പേരില്‍ ഇതിനായി സംസ്ഥാന തലത്തില്‍ യോഗങ്ങള്‍ നടന്നു. ജില്ലാ തലത്തിലും പരിശീലനം പൂർത്തിയായി. നഗരത്തില്‍ അപകടങ്ങളുണ്ടായാല്‍ വേഗത്തില്‍ എത്താൻ കഴിയുന്ന ബീച്ച് ഫയർ സ്റ്റേഷന്റെ കെട്ടിടം പണി തീരാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ഇതുകൂടി കണക്കിലെടുത്തുള്ള സജ്ജീകരണങ്ങള്‍ മറ്റിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കി.
കുന്നുകൂടി കിടക്കുന്ന മാലിന്യം, കരിഞ്ഞുണങ്ങിയ പറമ്ബുകള്‍ തുടങ്ങിയവ തീപിടിത്ത സാദ്ധ്യതാ പ്രദേശങ്ങളണ്. സിഗരറ്റ് കുറ്റികളും തീപ്പെട്ടികളും മറ്റും വലിച്ചെറിയുന്നത് തീപിടിത്തതിന് കാരണമാകാം. കൂടാതെ ഷോർട്ട് സർക്ക്യൂട്ടും ഗ്യാസ് സിലിണ്ടർ ലീക്കേജ് ഈ കാലാവസ്ഥയില്‍ കൂടിയേക്കാം.
മീഞ്ചന്തയിലെ റീജിയണല്‍ ഫയർ ഓഫീസ് ഉള്‍പ്പെടെ ജില്ലയിലെ ഒമ്ബത് സ്റ്റേഷനുകളിലും മൊബെെല്‍ യൂണിറ്റുകള്‍. എല്ലായിടത്തും രണ്ട് വാഹനങ്ങള്‍ വീതവും, ഹോസ് ജെറ്റുകള്‍, സ്യൂട്ടുകള്‍, ഫയർ എക്സിറ്റിക്യുഷറുകള് എന്നിവയും സജ്ജമാണ്. മീഞ്ചന്തയില്‍ വലിയ തീപിടിത്തങ്ങള്‍ ഉണ്ടായാല്‍ ഉപയോഗിക്കുന്ന വാട്ടർ ബൗസർ, മറ്റ് വാഹനങ്ങള്‍ എന്നിവവയും സജ്ജീകരിച്ചു.
കാടു കയറിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുക.
മാലിന്യം കത്തിച്ച ശേഷം തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തുക.
പെട്രാേള്‍ പോലുള്ളവ വീടിനു സമീപം സൂക്ഷിക്കരുത്.
പുറത്ത് പോകുമ്ബോള്‍ മെയിൻ സ്വിച്ച് ഓഫാക്കുക.
“ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും സജ്ജമാണ്. എല്ലാ സ്റ്റേഷൻ ഓഫീസർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങള്‍ നല്കി. ജനങ്ങളും അപകട സാഹചര്യങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം.”
- ടി.രജീഷ് ( റീജിയണല്‍ ഫയർ ഓഫീസർ, കോഴിക്കോട് )
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.