തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തിങ്കളാഴ്ചയും അതിശക്തമായ മഴതുടരും. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന അലര്‍ട്ടാണിത്. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന മഴയാണ്.
ജില്ലാ ഭരണകൂടങ്ങളോട് മുന്‍കരുതലെടുക്കാന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്കി. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും സംസ്ഥാനത്തെമ്ബാടും അതിശക്തമായ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. അപകട മേഖലകളിലുള്ള ചില കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മണ്ണിടിഞ്ഞും മതിലിടിഞ്ഞും പലയിടത്തും ചെറിയ അപകടങ്ങളുണ്ടായി.
വരുന്ന അഞ്ചു ദിവസങ്ങളിലും മഴ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ കനത്തജാഗ്രത പ്രഖ്യാപിച്ചു. പൊലീസ്, റവന്യൂ, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ നടപടികള്‍ തുടരുന്നു. ഇനിയൊരറിയിപ്പുണ്ടാകും വരെ കേരള ലക്ഷദ്വീപ് ഭാഗത്ത് മത്സ്യബന്ധനം വിലക്കി. മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണം. അപകടമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും തടഞ്ഞിട്ടുണ്ട്. ചില ജില്ലകളില്‍ ഖനനവും വിലക്കി.
5 ദിവസത്തെ മഴ സാധ്യതാ പ്രവചനം ഇങ്ങനെ
റെഡ് അലേര്‍ട്ട്
മെയ് 15ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
മെയ് 16ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍
അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഓറഞ്ച് അലേര്‍ട്ട്
മെയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍
മെയ് 16ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറകോട്
മെയ് 17ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
മെയ് 18ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട്
മെയ് 19ന് കണ്ണൂര്‍, കാസറകോട്
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
യെല്ലോ അലേര്‍ട്ട്
മെയ് 15ന് കാസറകോട്
മെയ് 16ന് തിരുവനന്തപുരം, പാലക്കാട്
മെയ് 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസറകോട്
മെയ് 18ന് കോട്ടയം, ഇടുക്കി
മെയ് 19ന് തിരുവനന്തപുരം, കൊല്ലം
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ – മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
ജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിതാമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.