താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഗൗരവതരമെന്ന് ഹൈകോടതി. കേസിലെ പ്രതികളും സഹപാഠികളുമായ നാല് വിദ്യാർഥികളുടെ ജാമ്യ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്. മുരളീകൃഷ്ണയുടെ നിരീക്ഷണം.
ഹരജികൾ വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ഇവർക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കക്ഷി ചേരാൻ ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാൽ നൽകിയ ഹരജി കോടതി അനുവദിച്ചു. കോഴിക്കോട് ജില്ല സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതികളായ വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചത്.
ആഴ്ചകളായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഹരജിക്കാർ തടങ്കലിലല്ലെന്നും കോഴിക്കോട് ജുവനൈൽ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തീരുമാനം നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സർക്കാറിന്റെ വിശദീകരണത്തിന് ഹരജികൾ 25ലേക്ക് മാറ്റുകയായിരുന്നു. ഷഹബാസ് ഫെബ്രുവരി 28നാണ് മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.