കോഴിക്കോട് : മലാപറമ്പ്-വെങ്ങളം ബൈപാസിൽ മൊകവൂർ-പൂളാടിക്കുന്ന് സർവീസ് റോഡിൽ കൂറ്റൻ പരസ്യബോർഡ് കാറ്റിൽ നിലംപതിച്ച സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സ്വകാര്യ വ്യക്തികളുടെ സ്ഥലം വാടകയ്ക്കെടുത്താണ് കൂറ്റൻ പരസ്യഹോർഡിംഗുകൾ സ്ഥാപിക്കുന്നത്. വേങ്ങേരി, ചേവരമ്പലം തുടങ്ങിയ സ്ഥലങ്ങളിലുള്ള കൂറ്റൻ ഹോർഡിംഗുകളും അപകടാവസ്ഥയിലാണ്. ഇവ മാറ്റണമെന്ന് ദേശീയപാതാ അതോറിറ്റി കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നതായും മനസിലാക്കുന്നു. നഗരത്തിൽ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 43 ബോർഡുകൾ അപകടാവസ്ഥയിലാണെന്ന് സിറ്റി പോലീസ് ജില്ലാ ദുരന്തനിവാരണ വകുപ്പിന് കത്ത് നൽകിയതായും മനസിലാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










