മലപ്പുറം: ഇരിങ്ങല്ലൂർ യാറംപടിയിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകനും കൂട്ടുപ്രതിയുമായ ബീഹാർ സ്വദേശിയായ യുവാവിനെ ബിഹാറില്‍നിന്ന് വേങ്ങര പൊലീസ് പിടികൂടി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൂട്ടുപ്രതിയായ കാമുകനെ പോലീസ് പിടികൂടിയത്. ബിഹാർ സ്വംപൂർ സ്വദേശി ജയ് പ്രകാശ് (27) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ ഭർത്താവിനെ കൊല്ലാൻ യുവതിക്ക് നിർദ്ദേശം നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതകം നടക്കുന്നതിനു തൊട്ടുമുന്‍പ് ഇരുവരും തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോള്‍ ലിസ്റ്റില്‍നിന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് പൊലീസിന് മനസിലായത്. പൂനം ദേവിയെ ചോദ്യം ചെയ്തതിലൂടെ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു.
കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും സംസാരിച്ചിരുന്നതായി കോൾ ലിസ്റ്റിൽ നിന്ന് മനസ്സിലാക്കിയ പോലീസ് പ്രതിയെ തേടി ബിഹാറിലെത്തി, പക്ഷേ പിടികൂടാനായില്ല. എന്നാൽ, രണ്ടാം തവണയും കെണിയൊരുക്കി പിടികൂടുകയായിരുന്നു. മൂന്ന് മാസത്തോളം വിശദമായി അന്വേഷണം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. ജയ് പ്രകാശിനെ മലപ്പുറം കോടതിയിൽ ഹാജരാക്കി.
ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ 2023 ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഹാർ സ്വദേശിയും കോട്ടക്കൽ റോഡിലെ യാറംപടി പികെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്‍ജിത് പാസ്വാൻ (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ 30 വയസ്സുകാരി ഭാര്യ പൂനം ദേവിയാണ് കേസിലെ ഒന്നാം പ്രതി. പൂനം ദേവിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിൻ്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.
അന്വേഷണത്തിനൊടുവിൽ കൊലപാതകം ആണെന്നും, ഭാര്യ തന്നെയാണ് പ്രതിയെന്നും പൊലീസിന് മനസിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി സമ്മതിച്ചു. ബീഹാർ സ്വദേശിയായ ജയ്പ്രകാശുമായി യുവതിക്കുള്ള അവിഹിതബന്ധം ഭർത്താവ് കണ്ടുപിടിച്ചു. വാട്സ്ആപ്പിലൂടെയുള്ള വീഡിയോ കോളുകളും മറ്റും പതിവായതോടെ ഭർത്താവ് പൂനത്തിന്റെ ഫോൺ രഹസ്യമായി പരിശോധിച്ചു. ലെെംഗികത നിറഞ്ഞ ചാറ്റുകൾ കണ്ടതോടെ സൻജിത്ത് ഇതു സംബന്ധിച്ച് ഭാര്യയുമായി വഴക്കായി. ഇതോടെയാണ് ഇയാളെ വകവരുത്താൻ പൂനം തീരുമാനിച്ചത്. കാമുകനാണ് വഴികൾ പറഞ്ഞുകൊടുത്തത്.
അന്വേഷണത്തിന് ഡിവൈ എസ് പി അബ്ദുല്‍ ബഷീര്‍, സി. ഐ മുഹമ്മദ് ഹനീഫ എന്നിവരാണ് നേതൃത്വം നല്‍കിയത്. എസ് ഐ മുജീബ് റഹ്മാന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സഹേഷ്, ദിനേഷ് കുമാര്‍, സിപിഒ സലീം എന്നിവരടങ്ങിയ സംഘമാണ് ബിഹാറിലെത്തി പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









