തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്‍മാറേണ്ടിവന്നതില്‍ സിപിഐയോടു കലിയടങ്ങാതെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എഴുതിയ ലേഖനമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആരെ ലക്ഷ്യമിട്ടാണെന്നു മനസിലാകുമെന്നും നമ്മളൊന്നും മണ്ടന്‍മാരല്ലല്ലോ എന്നും ശിവന്‍കുട്ടി പറഞ്ഞു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയെക്കുറിച്ചു പോലും ചില കേന്ദ്രങ്ങള്‍ക്ക് പുച്ഛമാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. പദ്ധതിയില്‍നിന്നു പൂര്‍ണമായി പിന്മാറിയിട്ടില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്എസ് അജന്‍ഡ നേരിടാന്‍ ആരാണ് ത്യാഗം ചെയ്തതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമൊന്നുമല്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഇത് ആരെങ്കിലും ഇടപെട്ടതിന്റെ പേരില്‍ ഏതെങ്കിലും കൂട്ടരുടെ വിജയമോ മറ്റൊരു കൂട്ടരുടെ പരാജയമോ ആണെന്നു വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചത് ഇടതു രാഷ്ട്രീയത്തിന്റെ വിജയമാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന പരാമര്‍ശിച്ചായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം കത്ത് കൊടുത്ത സ്ഥിതിക്ക് കേന്ദ്രഫണ്ട് കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എസ്എസ്‌കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തുകൊള്ളണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










