സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന. ഇതിന് പുറമെ സംസ്ഥാന ടാസ്‌ക് ഫോഴ്‌സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകൾ തുടരും.
ഭക്ഷ്യസുരക്ഷാ ലാബുകൾക്കൊപ്പം മൊബൈൽ ലാബുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കടകളിൽ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ആണ് ഏറ്റവും അപകടകാരി. മലിനജലത്തിൽ നിന്നുള്ള ഐസ് പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ, ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് നിർമ്മിക്കാവൂ.
ചൂടുകാലത്ത് ഭക്ഷണം പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കണം. ഭക്ഷണ സാധനങ്ങൾ അടച്ചു വയ്ക്കണം. ഭക്ഷണ പാഴ്സലില്‍ തീയതി സ്റ്റിക്കർ പതിച്ചിരിക്കണം. നിശ്ചിത സമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. വേനൽക്കാലമായതിനാൽ നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ശുദ്ധമായ വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. യാത്ര ചെയ്യുമ്പോൾ വെള്ളം കൊണ്ടുപോകുന്നതാണ് നല്ലത്. കടകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ഉണ്ടാക്കുന്നത് ശുദ്ധജലത്തിൽ നിന്നാണെന്ന് ഉറപ്പാക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









