ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ തടഞ്ഞ് അതിര്‍ത്തി രക്ഷാ സേന. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നിയന്ത്രണ രേഖയ്ക്ക് അടുത്ത ഗ്രാമങ്ങളില്‍ നിന്ന് ഒഴിയാന്‍ പാക് പൗരന്മാരോട് പാകിസ്ഥാന്‍ നിര്‍ദേശം നല്‍കി.
ബാരാമുള്ളയിലെ (വടക്കന്‍ കശ്മീരിലെ) ഉറി നളയിലെ സര്‍ജീവനിലെ ജനറല്‍ ഏരിയയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരില്‍ നിന്ന് ധാരാളം ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ഉറിയിലും പൂഞ്ചിയിലും ഏറ്റുമുട്ടല്‍ നടന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. ലഷ്‌കർ-ഇ-തൊയ്ബയുമായിട്ടുള്ള ബന്ധം ആണ് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ് റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണം നടന്ന പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ആറംഗ സംഘം ആണ് ഭീകരാക്രമണം നടത്തിയത്. ഇതിൽ രണ്ടുപേർ പാകിസ്ഥാനിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവർ ആണ്. രണ്ട് സംഘമായി തിരിഞ്ഞ് AK 47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കാക്കി വസ്ത്രം ധരിച്ചാണ് ഭീകരർ എത്തിയത്. പ്രദേശത്ത് നിന്ന് സംശയാസ്പദമായി ഒരു ബൈക്ക് കണ്ടെത്തി.
അതേസമയം കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും. അമിത് ഷാ ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കും. ശ്രീനഗറിൽ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ വച്ച് ഉന്നതല യോഗം ചേരും. ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും.
അതേസമയം ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പഹൽഗാം, അനന്ദ നാഗ്, ബൈസരൺ മേഖലകളിൽ ആണ് പരിശോധന. സൈന്യവും പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും ഉണ്ട്. കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. 65 വയസ്സായിരുന്നു. മോഡേണ്‍ ബ്രഡിന് പിന്നില്‍ മാങ്ങാട്ട് റോഡിലാണ് ഇദ്ദേഹത്തിന്റെ വസതി. കുടുംബത്തോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ കൊന്നതെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ സുരക്ഷിതരാണ്.
ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ ലെഫ്. വിനയ് നര്‍വാള്‍ (26) ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാന സ്വദേശിയാണ് ഇദ്ദേഹം. പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ മരിച്ചെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കാശ്മീരില്‍ കുടുങ്ങിപ്പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.