ന്യൂയോര്‍ക്ക്: ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. 120-റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113-റണ്‍സെടുക്കാനേ ആയുള്ളൂ. ആറ് റണ്‍സ് ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമാക്കി. അതേ സമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പാകിസ്താന്റെ നില പരുങ്ങലിലാണ്. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.
ഇന്ത്യ ഉയര്‍ത്തിയ 120-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെയാണ് പാകിസ്താന് ബാറ്റേന്തിയത്. കൂറ്റനടികള്‍ക്ക് മുതിരാതെ പതിയെ സ്കോറുയര്‍ത്താനാണ് ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ശ്രമിച്ചത്. ടീം സ്കോര്‍ 26-ല്‍ നില്‍ക്കേയാണ് പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത്. 10-പന്തില്‍ നിന്ന് 13-റണ്‍സെടുത്ത പാക് നായകനെ ബുംറ പുറത്താക്കി. പിന്നാലെ ഉസ്മാന് ഖാനും റിസ്വാനും സ്കോര്‍ 50-കടത്തി. വൈകാതെ പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായി. 13-റണ്‍സെടുത്ത ഉസ്മാന് ഖാനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119-റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഋഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. മഴ മൂലം ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഓവറിന് ശേഷം വീണ്ടും മഴയെത്തി. എന്നാല്‍ മഴ മാറി മത്സരം ആരംഭിച്ചയുടന്‍ തന്നെ കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കോലി മടങ്ങി. വെറും നാല് റണ്‍സ് മാത്രമെടുത്ത കോലി ഉസ്മാന് ഖാന്റെ കൈകളിലൊതുങ്ങി. പിന്നാലെ മൂന്നാം ഓവറില്‍ നായകന് രോഹിത്തും കൂടാരം കയറി. ഷഹീന് അഫ്രീദിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത്തിന് പാളി. താരത്തെ ഹാരിസ് റൗഫ് കൈകകളിലൊതുക്കിയതോടെ ഇന്ത്യ 19-2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്കോറുയര്‍ത്തി. ഇരുവരും ടീം സ്കോര്‍ 50-കടത്തി.ഇന്ത്യയ്ക്കായി ബുംറ മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുമെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.