സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു സംയുക്തമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ റസ്‌റ്റോറന്റുകളിൽ പിഴ ഈടാക്കുന്നതും സ്ഥാപനം അടിച്ചുപൂട്ടുന്നതും ഉൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്.
സംസ്ഥാനത്തെ 3,599 റസ്‌റ്റോറന്റുകളിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 റസ്‌റ്റോറന്റുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. 1,613 റസ്‌റ്റോറന്റുകൾക്ക് നോട്ടീസ് നൽകുകയും 627 റസ്‌റ്റോറന്റുകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്‌തു. 19,03,020 രൂപയാണ് പിഴ ഈടാക്കിയത്. അഞ്ച് റസ്‌റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി. 92 റസ്‌റ്റോറന്റുകളാണ് പരിശോധനയിൽ പൂട്ടിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ച 131 റസ്‌റ്റോറന്റുകൾക്കെതിരെ നടപടിയെടുത്തു.
ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടത്തിവരികയാണ്. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പഴകിയ എണ്ണയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഹാനികരമായ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഭക്ഷണശാലകളും അടച്ചുപൂട്ടി. അനധികൃതമായി പ്രവർത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും, ആരോഗ്യ വകുപ്പുമായി ചേർന്ന് തുടർ പരിശോധനകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









