മദ്യപിച്ചു വാഹനമോടിച്ച് പരാക്രമം കാട്ടിയത് ചോദ്യംചെയ്ത കൊല്ലം കോർപ്പറേഷൻ വനിതാ കൗൺസിലറെ കാർ കയറ്റി അപായപ്പെടുത്താൻ ശ്രമം. കോർപ്പറേഷൻ ആലാട്ടുകാവ് ഡിവിഷനിലെ കൗൺസിലർ കാവനാട് കന്നിമേൽചേരി ഉരുമാളൂർ പടിഞ്ഞാറ്റതിൽ മാധവത്തിൽ എ.ആശയുടെ കാലിലൂടെയാണ് കാർ കയറ്റിയിറക്കിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനു സമീപം സരിതമുക്കിലാണ് സംഭവം. ഇരുകാലുകളിലും പൊട്ടലുണ്ടായ ആശയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ച ശക്തികുളങ്ങര സ്വദേശിയായ ഗൾഫ് വ്യവസായി ബെൻ റൊസാരിയോയെ ശക്തികുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ കാറിലെത്തിയ ബെൻ റൊസാരിയോ എതിരേ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. ഇതു ചോദ്യംചെയ്ത ബൈക്ക് യാത്രികന്റെ മൂക്കിടിച്ചുതകർത്തു. കൊല്ലത്തെ പൊതുപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കൗൺസിലർ ആശ സംഭവംകണ്ട് വിവരം തിരക്കാനെത്തി. ഉടൻ പ്രതി ആശയെ അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു.തുടർന്ന് വാഹനത്തിൽ കയറി ഇരപ്പിച്ച് മുന്നോട്ടെടുക്കാൻ ശ്രമിക്കവേ രാമൻകുളങ്ങര സ്വദേശി പൂക്കച്ചവടക്കാരനായ സുനിൽകുമാർ ബൈക്കുമായെത്തി കാറിനു കുറുകേ നിർത്തി. ഉടൻ ബെൻ റോസാരിയോ കാർ പിന്നോട്ടെടുത്തശേഷം അമിതവേഗത്തിൽ മുന്നോട്ടെടുത്ത് സുനിൽകുമാറിനെ ഇടിച്ചുതെറിപ്പിച്ചശേഷം ആശയുടെ കാലിലൂടെ കയറ്റിയിറക്കി. സുനിൽകുമാറിന്റെ കാലിനും പൊട്ടലുണ്ട്. ബെൻ റൊസാരിയോയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനു കൈമാറി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









