കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അതുകൊണ്ടും, കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാത്തതുകൊണ്ടുമാണ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. ഈ വിഷയത്തെ വർഗീയതയടക്കം പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
‘‘ഇതുമായി ബന്ധപ്പട്ട് കെഎസ്ഐഡിസിക്കെതിരായി അന്വേഷണം വരുന്നത് ഗുരുതരമാണ്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്ഐഡിസിക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി.രാജീവ് മറുപടി പറയണം. ക്രമക്കേടുകൾക്കു വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണു സംശയിക്കേണ്ടത്. കരിമണൽ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു മന്ത്രി മറുപടി പറയണം. കമ്പനിയുടെ പ്രവർത്തനം ഇപ്പോഴും ഗുരുതരമായി തുടരുന്നതിനാലാണ് അന്വേഷണത്തിലേക്കു നീങ്ങിയത്. ഈ വിഷയത്തിൽ സിപിഎം മറുപടി പറയണം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ സിപിഎം സെക്രട്ടറിയറ്റാണ് പ്രതിരോധം തീർത്തത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിൽ അമിതാവേശം ഇല്ല. ഈ അന്വേഷണത്തിൽ കൂടുതൽ വിവരം വരുമെന്നാണു പ്രതീക്ഷ. ആത്യന്തികമായി കോടതിയാണു വിശ്വാസം. എനിക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനം ചെയ്യും.’’–മാത്യു കുഴൽനാടൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.