തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന് നാളെ വക്കീല്‍ നോട്ടീസ് അയക്കും. കേസെടുക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനും നീക്കം. ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്താനും ആവശ്യപ്പെടും. നേരത്തെ ഡിജിപിക്കും പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരുന്നു.
ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം ഉള്ളത്. ഇത് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടിസ് അയക്കാനാണ് തീരുമാനം. യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന യുണീടാക് എംഡിയുടെ ആരോപണം തെളിവുകള്‍ സഹിതം പ്രതിപക്ഷ നേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങിനോട് അനുബന്ധിച്ച് നല്കിയ ഐഫോണുകള്‍ എവിടെ എന്ന് കണ്ടെത്താന്‍ പൊലീസിനെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനാകൂ എന്നാണ് പൊലീസ് നിലപാട്. പൊലീസിന്റെ അയഞ്ഞ സമീപനം സര്‍ക്കാരിന്റെ ഭാഗമായ ഉന്നതരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.