ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണത്തിൽ ഭൗമനിരീക്ഷണത്തിനായുള്ള ‘അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17-നാണ് പിഎസ്എൽവി-സി 62 വിക്ഷേപിച്ചത്.
ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ‘അന്വേഷ’യിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആർഡിഒ) ആയിരിക്കും ഉപയോഗിക്കുക. 511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ റീ എൻട്രി ക്യാപ്സ്യൂളും ഇന്നത്തെ വിക്ഷേപണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് കുറഞ്ഞ ചെലവിൽ ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെയെത്താനുള്ള പുതിയൊരു സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായാണ് കിഡ് എന്ന റീ എൻട്രി ക്യാപ്സ്യൂൾ അയക്കുന്നത്. വിക്ഷേപിച്ച് രണ്ട് മണിക്കൂറിനകം ക്യാപ്സ്യൂൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ദക്ഷിണ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










