മലപ്പുറം: നാല് യുവാക്കൾ ഉൾപ്പെട്ട എംഡിഎംഎ കേസിൽ വന്‍ ട്വിസ്റ്റ്. കെമിക്കൽ ലാബ് പരിശോധനയിൽ പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തി. രണ്ടുതവണ ലാബിൽ പരിശോധന നടത്തിയിട്ടും റിസൾട് എംഡിഎംഎ അല്ലെന്ന് റിപ്പോർട്ട്. ഇനി മറ്റൊരു ലാബില്‍ കൂടെ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
മലപ്പുറം മേലാറ്റൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപ വിലവരുന്ന മാരകമായ മയക്കുമരുന്നുമായാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുള്ള എന്നിവരെയാണ് പൊലീസ് പിടികൂടിയിരുന്നത്.
മണിയാണിരിക്കടവ് പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിച്ചെടുത്ത എം.ഡി.എം.എ കോഴിക്കോട് കെമിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം നെഗറ്റീവായിരുന്നു. പിന്നാലെ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അതും നെഗറ്റീവായതോടെ കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചു. 88 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് യുവാവിന് ജാമ്യം ലഭിച്ചത്.
മയക്കുമരുന്ന് കേസിൽ ജയിലിലായതോടെ നാലുപേർക്കും ജോലി നഷ്ടപ്പെട്ടതായി ഇവർ പറയുന്നു. എംഡിഎംഎ കേസിൽ പ്രതികളായ ഷഫീഖ്, മുബഷിർ കരുവള്ളി എന്നിവർക്കാണ് ഗൾഫിൽ ജോലി നഷ്ടമായത്. പ്രതി ചേര്‍ക്കപ്പെട്ട മച്ചിങ്ങൽ ഉബൈദുള്ളയുടെ ഭാര്യ വിവാഹബന്ധം വേർപെടുത്തി.
സംഭവത്തെ കുറിച്ച് യുവാക്കള്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു ദിവസം ഞങ്ങള്‍ നാല് പേരും കൂടെ റസ്റ്റോറന്റിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. പൊലീസ് എത്തി ഞങ്ങളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. കുന്തിരിക്കം പോലെ കത്തിച്ചു പുകയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സാധനമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. പോലീസ് ഇത് പരിശോധിച്ച് എംഡിഎംഎ ആണോ എന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞു; സമ്മതിച്ചില്ല. മുബഷിർ ഗൾഫിൽ നിന്ന് വന്നപ്പോൾ ഒരു അറബി സമ്മാനമായി നൽകിയതാണിതെന്ന് യുവാക്കൾ പറയുന്നു. നല്ല മണമുള്ള വസ്തുവാണിത്.
ഇത് എം ഡി എം എ ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് പറഞ്ഞാണ് പൊലീസ് ഉപദ്രവിച്ചതെന്ന് യുവാക്കള്‍ പറയുന്നു. മൂന്നാംഘട്ട പരിശോധനയ്ക്കായി ഇത് ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









