കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തില്‍ മൂന്ന് വാർഡുകളില്‍ ആശങ്കയുയർത്തി മഞ്ഞപ്പിത്തം പടരുന്നു. 14, 15, 16 കണ്ടിയില്‍, പന്നൂർ, ഒഴലക്കുന്ന് വാർഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി പടർന്ന് പിടിച്ചിരിക്കുന്നത്.
ഇതിനകം 30 പേർക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ദിവസേന ശരാശരി 10ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നുണ്ട്. നാലുപേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റുള്ളവർ വീടുകളില്‍ കഴിയുകയാണ്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു രോഗിയുടെ നില അല്‍പം ഗുരുതരമാണ്. കുന്നോത്ത് വയല്‍ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ് രോഗം പിടിപ്പെട്ടവരില്‍ അധികമുള്ളത്. 130ല്‍ കൂടുതലാളുകള്‍ ഗുണഭോക്താക്കളായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെ കുടിവെള്ള പദ്ധതിയുടെ കിണറിനുസമീപത്തുള്ള തോട് നിറഞ്ഞൊഴുകിയിരുന്നു. ഇതിലൂടെ മലിന ജലം കിണറ്റിലേക്കും സമീപത്തെ കുളത്തിലേക്കും പടർന്നിരുന്നു.
കുളത്തില്‍ കുളിച്ചവരും കുടിവെള്ളം ഉപയോഗിച്ചവരുമാണ് രോഗം ബാധിച്ചവരില്‍ ഏറെയും. ആരോഗ്യ പ്രവർത്തകർ പ്രദേശങ്ങളില്‍ ബോധവത്കരണവും സർവേയും നടത്തി. കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൗജന്യനിരക്കില്‍ പരിശോധന നടത്താം. മരുന്നുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കും. രോഗലക്ഷണമുള്ളവർ നിർബന്ധമായും പരിശോധന നടത്തണമെന്നും കഴിവതും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










