തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (KTET) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെ-ടെറ്റ് നിർബന്ധമാക്കിയതെന്നും, ഇതിനായി വീണ്ടും യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കുകയാണെന്നും, സർക്കാർ അധ്യാപകരുടെ ഒപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.സുപ്രീംകോടതി രണ്ടുവർഷത്തെ ഇളവ് അനുവദിച്ചിട്ടും കെ-ടെറ്റ് യോഗ്യത ഇല്ലെന്ന കാരണത്താൽ അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരെയാണ് വിവിധ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവ് അധ്യാപക സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് സിപിഐ അനുബന്ധ സംഘടനയായ എകെഎസ്ടിയു വിമർശിച്ചു.
പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം അനുബന്ധ സംഘടനയായ കെഎസ്ടിഎയും ആവശ്യപ്പെട്ടു. 2025 സെപ്റ്റംബർ 1ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി ഉണ്ടായത്.പുതുക്കിയ ഉത്തരവിലെ പ്രധാന മാറ്റമായി, സെറ്റ്, നെറ്റ്, എംഫിൽ, പി.എച്ച്.ഡി, എം.എഡ് തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കും കെ-ടെറ്റ് നിർബന്ധമാക്കി. ഇതോടെ മുൻപ് നൽകിയിരുന്ന ഇളവ് സർക്കാർ റദ്ദാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










