കണ്ണൂർ: സമുദായനേതാക്കൾ വർഗീയത പ്രചരിപ്പിക്കുന്ന നിലപാടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കേരളയാത്ര’യ്ക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ തമ്മിൽ അകറ്റാനുള്ള ശ്രമങ്ങൾ കേരളം ഒരിക്കലും അംഗീകരിക്കില്ലെന്ന് കാന്തപുരം പറഞ്ഞു. ഇത്തരം നിലപാടുകൾ സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അപകടത്തിലാക്കും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരളജനത. മതസൗഹാർദം തകർക്കുന്ന പ്രവർത്തനങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളയാത്രയുടെ രണ്ടാം ദിവസം പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരണം നൽകി. സെന്റിനറി ഗാർഡ് പരേഡും നടന്നു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സമ്മേളനം ആരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം അധ്യക്ഷത വഹിച്ചു. ഉപനായകരായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംസാരിച്ചു.
മുഹമ്മദലി സഖാഫി വള്ളിയാട്, എം. മുഹമ്മദ് സ്വാദിഖ് എന്നിവർ പ്രമേയപ്രഭാഷണം നടത്തി. കെ. സുധാകരൻ എംപി, കെ.വി. സുമേഷ് എംഎൽഎ, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കെ.കെ. രാഗേഷ്, അബ്ദുൾകരീം ചേലേരി, കാസിം ഇരിക്കൂർ, ഹാമിദലി, ഹനീഫ് പാനൂർ എന്നിവർ പങ്കെടുത്തു.
ഇന്ത്യ ഏതെങ്കിലും ഒരു മതത്തിന്റെ രാജ്യമല്ലെന്നും എല്ലാ വിശ്വാസികളുടേതുമാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇവിടെ എല്ലാവരും ഒന്നാണ്; മതിൽക്കെട്ടുകളില്ല. കാന്തപുരം നയിക്കുന്ന കേരളയാത്ര മുന്നോട്ടുവയ്ക്കുന്നതും ഈ ഐക്യസന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളയാത്ര ശനിയാഴ്ച നാദാപുരത്തും ഞായറാഴ്ച കോഴിക്കോട് നഗരത്തിലും സ്വീകരണം ഏറ്റുവാങ്ങും. 16-ന് വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










