മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിൽ ശസ്ത്രക്രിയ കഴിഞ്ഞ് നാലു മണിക്കൂറിനുശേഷം വൃക്കരോഗി മരിച്ചതായി പരാതി. 54 കാരനാണ് മരിച്ചത്. രോഗികളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ഓപ്പറേഷൻ തിയേറ്റർ മുകളിലാണെന്നു വിവരം ലഭിച്ചതിനെ തുടർന്നു വൃക്കയുമായി ഇവർ ലിഫ്റ്റിൽ മുകളിലെത്തി. ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടന്നതിനാൽ കാത്തു നിൽക്കേണ്ടിവന്നു. പിന്നീട് ചില ജീവനക്കാരെത്തി പെട്ടി ഏറ്റുവാങ്ങി. അതെ സമയം കൃത്യസമയത്ത് വൃക്ക എത്തിച്ച ആംബുലൻസ് ഡ്രൈവർ അനസിനെ മറ്റു ആംബുലൻസ് ഡ്രൈവർമാർ മാലയിട്ട് അഭിനന്ദിച്ചശേഷമാണ് മടക്കി അയച്ചത്.
വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയശേഷമാണ് വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം. വൈകിട്ട് അഞ്ചരയോടെ വൃക്ക എത്തിച്ചെങ്കിലും 9 മണിക്കുശേഷമാണ് ശസ്ത്രക്രിയ നടന്നത്. തുടർന്ന് വൃക്ക സ്വീകരിച്ച ആൾ പുലർച്ചെ മരിച്ചു. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ഞീവനി വഴിയാണ് വൃക്ക മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









