കൊടിയത്തൂർ : കേരകർഷകർക്കാശ്വാസമായി കൊടിയത്തൂർ പഞ്ചായത്തില്‍ നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. 2024-2025 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്‍റെ ഭാഗമായി തെങ്ങിന് ജൈവവളം, രാസവളം, കുമ്മായം എന്നിവയുടെ സബ്‌സിഡി നിരക്കിലുള്ള വിതരണമാരംഭിച്ചു.
കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഒരു തെങ്ങിന് ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മയം, ഒരു കിലോ പൊട്ടാഷ് എന്നിവയാണ് നല്‍കുന്നത്.
പൊട്ടാഷ് 50 ശതമാനം സബ്‌സിഡിയിലും വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവക്ക് 75 ശതമാനം സബ്‌സിഡിയുമാണ് കർഷകർക്ക് ലഭിക്കുക. കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സ്ലിപ്പ് പ്രകാരം അംഗീകൃത വളംകടകളില്‍ നിന്നും വളം വാങ്ങി കർഷകർ ബില്‍ കൃഷിഭവനില്‍ എത്തിക്കണം. സബ്‌സിഡി തുക അക്കൗണ്ടില്‍ ലഭിക്കും.
ചടങ്ങില്‍ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, കൃഷി ഓഫീസർ പി. രാജശ്രീ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.