മുക്കം: കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിലെ സര്‍ക്കാര്‍ ജീവനക്കാരെയും ജനപ്രതിനിധികളെയും സര്, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി ഭരണസമിതി പ്രമേയം പാസ്സാക്കി. പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും കത്തിടപാടുകളിലും സര്, മാഡം എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറി പ്രമേയം അവതരിപ്പിച്ചു. ഫസല്‍ കൊടിയത്തൂര്‍ പിന്താങ്ങി.
ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്, മാഡം വിളിയെന്ന് ഭരണസമിതി നിരീക്ഷിച്ചു. പഞ്ചായത്തിലേക്ക് അപേക്ഷയുമായി എത്തുന്നവര്‍ ഇനി മുതല്‍ സാര്‍, മാഡം എന്ന അഭിസംബോധന എഴുതേണ്ടതില്ല. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ ശീലങ്ങള്‍ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് നടപടി. സര്, മാഡം വിളികള്‍ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങള്‍ അഭിസംബോധനയായി ഉപയോഗിക്കാമെന്നാണ് ഭരണസമിതിയുടെ തീരുമാനം.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, അംഗങ്ങളായ, രിഹ്ല മജീദ്, എം ടി റിയാസ്, ദിവ്യ ഷിബു, ആഇശ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത് എന്നിവര്‍ സംബന്ധിച്ചു.
പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തിലാണ് രാജ്യത്ത് തന്നെ ആദ്യമായി സര്, മാഡം വിളികള്‍ ഒഴിവാക്കിയത്. ഈ മാതൃകയില്‍ നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് ഇപ്പോള്‍ ഇത്തരത്തില്‍ തീരുമാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.