സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് സെൻട്രല്‍ മാർക്കറ്റ് നവീകരണം ഈവര്‍ഷം അവസാനത്തോടെ ആരംഭിക്കും. ഇതിനായി കോർപറേഷൻ അധികൃതർ കച്ചവടക്കാരടക്കമുള്ളവരുമായി പ്രാരംഭ ചർച്ചകള്‍ നടത്തി.
കെട്ടിടം പണിക്കുള്ള മണ്ണ് പരിശോധന പൂർത്തിയാക്കി. മൊത്തം 55.17 കോടി രൂപയില്‍ നവീകരിക്കാനുള്ള പദ്ധതിക്കാണ് സർക്കാർ ഭരണാനുമതിയായത്. നേരത്തേ കോർപറേഷന്‍റെ 5.17 കോടി രൂപയും ഫിഷറീസ് വകുപ്പിന്‍റെ 50 കോടിയും ഉപയോഗിച്ച് നിർമിക്കാനായി കോർപറേഷൻ തീരുമാനിച്ച കോർട്ട് റോഡിലെ കെട്ടിടമാണ് ഫിഷറീസ് ഫണ്ട് ഉപയോഗിച്ചുതന്നെ നിർമിക്കാൻ സർക്കാർ അനുമതിയായത്.
കേന്ദ്ര സഹായത്തോടെ ആലപ്പുഴയിലും കോഴിക്കോട്ടുമാണ് മാർക്കറ്റ് ഉയരുന്നത്. മാർച്ചിനകം പ്രവൃത്തി തുടങ്ങി രണ്ട് കൊല്ലത്തിനകം പൂർത്തിയാക്കേണ്ടതിനാലാണ് നടപടികള്‍ പെട്ടെന്നാക്കുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുകയും കച്ചവടം അവിടെ നിന്ന് മാറ്റുകയും വേണം. മത്സ്യമാർക്കറ്റിനായി സ്പേസ് ആർട്സ് തയാറാക്കിയ ഡിപിആർ കോർപറേഷൻ നേരത്തേ അംഗീകരിച്ചിരുന്നു.
ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നിലയുള്ള കെട്ടിടത്തില്‍ മത്സ്യലേലത്തിനും ചെറുകച്ചവടത്തിനുമുള്ള ഇടങ്ങളും ശീതീകരിച്ച മാർക്കറ്റും ഡോർമെറ്ററിയും വലിയ ഹാളുമുണ്ടാവും. റിക്രിയേഷൻ ഹാള്‍, മീൻവിഭവങ്ങളുള്ള ഹോട്ടല്‍, പാർക്കിങ് എന്നിവയെല്ലാമുണ്ട്. മീൻമണമില്ലാത്ത വിധം മുഴുവൻ ശീതീകരിച്ച ഹാളില്‍, ഇപ്പോള്‍ കച്ചവടം ചെയ്യുന്നവർക്കെല്ലാം സ്ഥലം നല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.