അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. നേതൃത്വത്തിനെതിരായ നിരവധി വിമർശനങ്ങൾക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. പുറകിൽ നിന്നും കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽ കുമാർ വിശദീകരിച്ചു. സോണിയ ഗാന്ധി, കെ സുധാകരൻ എന്നിവർക്ക് അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.
ആയുസ്സിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിടപറയുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇന്നത്തോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു.
കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാര്‍ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനില്‍കുമാര്‍ ആരോപിച്ചിരുന്നത്. ഇതില്‍ വിശദീകരണം ചോദിച്ചശേഷം അനില്‍കുമാര്‍ നല്‍കിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. ഇതോടെ പുറത്താക്കല്‍ നടപടിയുണ്ടായേക്കുമെന്ന സൂചനയ്ക്കിടെയാണ് രാജിപ്രഖ്യാപനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.