പാലക്കാട്: കുടുംബശ്രീയിൽനിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ഇനി കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഈ മാസം 17 മുതൽ ആരംഭിക്കുന്ന കുടുംബശ്രീ തിരഞ്ഞെടുപ്പ് (പുനഃസംഘടന) നടപടികളുടെ ഭാഗമായി യോഗ്യതാനിബന്ധനകൾ കർശനമാക്കി. സർക്കാർ, അർധസർക്കാർ, സ്വകാര്യ–പൊതുമേഖലാ സ്ഥാപനങ്ങൾ, അങ്കണവാടി എന്നിവയിലെ സ്ഥിരം ജീവനക്കാർക്കും മത്സരിക്കാൻ അയോഗ്യതയുണ്ട്. കുടുംബശ്രീയിൽ അയൽക്കൂട്ടം, എഡിഎസ് (ഏരിയ ഡിവലപ്മെന്റ് സൊസൈറ്റി), സിഡിഎസ് (കമ്യൂണിറ്റി ഡിവലപ്മെന്റ് സൊസൈറ്റി) എന്നിങ്ങനെ ത്രിതല ഭരണസംവിധാനമാണുള്ളത്. സിഡിഎസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സിഡിഎസ് അംഗം, എഡിഎസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള മത്സരാർഥികൾക്കാണ് നിബന്ധനകൾ ബാധകമാകുന്നത്.
കുടുംബശ്രീ സംവിധാനത്തിലൂടെ ലഭിച്ച ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഡിഎസ് വായ്പ എന്നിവയിൽ കുടിശ്ശികയുള്ളവർക്ക് മത്സരിക്കാനാവില്ല. എല്ലാ വർഷവും ഡിസംബറിന് മുൻപ് നടക്കുന്ന ഓഡിറ്റിൽ വായ്പ കുടിശ്ശിക കണ്ടെത്തിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ സിഡിഎസ് ചെയർപേഴ്സൺ ആവാൻ കഴിയില്ല. ഒരു അയൽക്കൂട്ട അംഗത്തിന് തുടർച്ചയായി മൂന്നുതവണയിൽ കൂടുതൽ സിഡിഎസ് അംഗമായി തുടരാനും അനുമതിയില്ല. ആശാ വർക്കർമാർ, ജനപ്രതിനിധികൾ, ശമ്പളമോ ഓണറേറിയമോ കൈപ്പറ്റുന്നവർ, സർക്കാർ വിവിധ ചുമതലകൾക്കായി നിയോഗിച്ചവർ, കുടുംബശ്രീ സംവിധാനത്തിൽനിന്ന് പ്രതിമാസ ശമ്പളമോ ഓണറേറിയമോ ലഭിക്കുന്നവർ എന്നിവർക്കും മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










