കിഴുപറമ്പ് : ഏറെ കോളിളക്കം സൃഷ്ടിച്ച കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ 10 വർഷത്തിന് ശേഷം കോടതി വിധി നാളെ പ്രസ്താവിക്കുന്നു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) കേസില്‍ ജഡ്ജി ടി എച്ച് രജിത 13ന് വിധി പറയും. 2018 സെപ്തംബര്‍ 19നാണ് ജഡ്ജ് എ വി മൃദുല മുമ്പാകെ വിചാരണ ആരംഭിച്ചത്. സാക്ഷി വിസ്താരം മാത്രം ഒന്നര വര്‍ഷത്തോളമാണ് നീണ്ടത്. സംസ്ഥാന ചരിത്രത്തിലെ നീണ്ട സാക്ഷിവിസ്താരം 2020 ഫെബ്രുവരി നാലിനാണ് പൂര്‍ത്തിയായത്. സ്വതന്ത്ര സാക്ഷികളുമടക്കം 275 പേരെ പ്രോസിക്യൂഷന് ഭാഗത്തുനിന്നും വിസ്തരിച്ചു.
പ്രതിഭാഗത്തുനിന്നും ഒരാള്‍ മാത്രമാണ് സാക്ഷിയായി വിസ്തരിക്കപ്പെട്ടത്. 2010 ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍വെച്ച് രണ്ട് ഫുട്ബോള്‍ ക്ലബ്ബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന് കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേ തുടര്‍ന്ന് അത്തീഖ് റഹ്മാന്റെ സഹോദരന്മാരും സുഹൃത്തുക്കളും യൂത്ത് ലീഗ് പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിരുന്നു. പരിശീലനം നടത്തി ആയുധങ്ങള്‍ ശേഖരിച്ച് 2012 ജൂണ്‍ പത്തിന് വൈകീട്ട് ഏഴരക്ക് അരീക്കോട് കുനിയില്‍ അങ്ങാടിയില്‍ ആദ്യ ഏഴ് പ്രതികള്‍ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദിനെയും എട്ട് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊളക്കാടന്‍ അബൂബക്കറിനെയും മുഖം മൂടിയിട്ടു വന്ന് കൊടുവാള്, വടിവാള്‍ തുടങ്ങിയ ആയുധങ്ങളു പയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









